image

27 April 2024 12:16 PM GMT

News

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ആയുഷ് മന്ത്രാലയം

MyFin Desk

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ആയുഷ് മന്ത്രാലയം
X

Summary

  • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ സമീപദിവസം പതഞ്ജലി ആയുര്‍വേദ കമ്പനിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു
  • ലേബലിലോ പരസ്യത്തിലോ ഏതെങ്കിലും അവകാശവാദം മരുന്ന് നിര്‍മാതാക്കള്‍ ഉന്നയിച്ചാല്‍ ആ നിര്‍മാതാവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രാലയം


എല്ലാ ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി മരുന്ന് നിര്‍മാതാക്കളും ലേബലിംഗ്, പരസ്യ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ആയുഷ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

' 100 ശതമാനം സുരക്ഷിതം, രോഗം ചികിത്സിച്ച് ഉറപ്പായും മാറ്റാം ' എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ നടത്തി പരസ്യം ചെയ്യുന്ന മരുന്ന് നിര്‍മാതാക്കളിലേക്ക് നിരീക്ഷണം ശക്തമാക്കാന്‍ ആയുഷ് മന്ത്രാലയം തീരുമാനിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ സമീപദിവസം പതഞ്ജലി ആയുര്‍വേദ കമ്പനിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ആയുഷ് മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തുവന്നത്.

ലേബലിലോ പരസ്യങ്ങളിലോ ആയുഷ് മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തിയതോ അംഗീകരിച്ചതോ ആണെന്ന് അവകാശപ്പെടുന്ന എല്ലാ മരുന്നുകളും പരിശോധിച്ച് അവ നിയമങ്ങള്‍

പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ഡ്രഗ് ലൈസന്‍സിംഗ് ഉദ്യോഗസ്ഥരോട് ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചു.

ഏതെങ്കിലും ആയുഷ് മരുന്നിനോ ഉല്‍പ്പന്നത്തിനോ നിര്‍മാണ ലൈസന്‍സുകളോ അംഗീകാരമോ നല്‍കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി. ലേബലിലോ പരസ്യത്തിലോ അത്തരം ഏതെങ്കിലും അവകാശവാദം മരുന്ന് നിര്‍മാതാക്കള്‍ ഉന്നയിച്ചാല്‍ ആ നിര്‍മാതാവിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.