image

26 March 2024 3:06 PM GMT

Equity

'ബൈ ഓൺ ഡിപ്‌സ്' തന്ത്രം എങ്ങനെ പ്രയോഗിക്കണം? ബുൾ - ബെയർ പോരാട്ടത്തിൽ ജയം ആരുടേത്..?

Jesny Hanna Philip

nifty bulls target 25000
X

Summary

  • ബുള്ളുകളും ബെയറുകളും മാറി മാറി വിപണി ഭരിക്കുമ്പോൾ നേട്ടം ആരുടേത്? നിഫ്റ്റി സൂചികയിൽ ടാർഗെറ്റുകൾ എവിടെ ക്രമീകരിക്കണം? 2024 ഡിസംബർ കാലയളവിലേക്കുള്ള വിദഗ്ധരുടെ അഭിപ്രായം അറിയാം.



മറ്റു എമേർജിങ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ നക്ഷത്ര പ്രകടനമാണ് ഇന്ത്യൻ വിപണി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഭൗമ - സാമ്പത്തിക അനിശ്ചിതാവസ്ഥകൾക്കിടയിൽ ആഗോള വിപണികൾ ചഞ്ചലമായി തുടരുമ്പോൾ സ്ഥിരതയാർന്ന മുന്നേറ്റമാണ് ആഭ്യന്തരവിപണിയെ വേറിട്ട് നിർത്തുന്നത്. ഹ്രസ്വകാലത്തിൽ ചാഞ്ചാട്ടങ്ങൾ തുടർന്നാലും ദീർഘകാല ചിത്രം ഹരിതാഭമെന്നു ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിശ്വസിക്കുന്നു. ബുള്ളുകളുടെ കുതിപ്പ് സുശക്തം തുടരുകയാണെങ്കിൽ നിഫ്റ്റിയിൽ 25000 എന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കാലതാമസമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.

നിഫ്റ്റിയുടെ ബേസ് കേസ് ടാർഗറ്റ്

രാജ്യത്തിന്റെ അനുകൂല മാക്രോ ഘടകങ്ങൾ, വർധിച്ചു വരുന്ന കാപ്പെക്സ്, ബാങ്കുകളുടെ ക്രെഡിറ്റ് ഗ്രോത് എന്നിവ അടിസ്ഥാനപ്പെടുത്തുമ്പോൾ ഇന്ത്യൻ വിപണി ഇരട്ട അക്ക വളർച്ച അടുത്ത രണ്ടു - മൂന്ന് വർഷങ്ങളിലായി നൽകുമെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെടുന്നു. വരുമാന വളർച്ചയും സമാനമായി ഇരട്ട അക്ക വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2023 - 26 സാമ്പത്തിക വർഷങ്ങളിലായി നിഫ്റ്റി വരുമാനം 15% സിഎജിആർ (15% CAGR over FY23-26) വളർച്ച നൽകുമെന്നാണ് കരുതേണ്ടത്. 2024 - 25 വർഷങ്ങളിലെ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന നല്കിയിരിക്കുന്നത് ഫൈനാൻഷ്യൽസ് സെക്ടറാണ്. 2024-ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള നയ തുടർച്ച, രാഷ്ട്രീയ സ്ഥിരത എന്നിവയുടെ പിന്തുണയോടെ നിഫ്റ്റി സൂചികയിൽ ബേസ് കേസ് ടാർഗറ്റ് ആയി ബ്രോക്കറേജ് നൽകുന്നത് 23000 എന്ന ടാർഗറ്റ് ലെവലാണ്.

അതേ സമയം, മൊത്തത്തിലുള്ള വിപണിയുടെ ദീർഘകാല വീക്ഷണം പോസിറ്റീവായി തുടരുന്നു. എന്നാൽ ഹ്രസ്വകാലഘട്ടത്തിൽ വിപണി ഇരു ദിശയിലേക്കും വിവിധ ഘടകങ്ങളുടെ സ്വാധീനത്തിൽ പ്രതികരിച്ചേക്കാം. ഈ പശ്ചാത്തലത്തിൽ 'ബൈ ഓൺ ഡിപ്‌സ്' എന്ന സജ്ജീകരണമാണ് വിപണിയിൽ തുടരേണ്ടത്. വിപണിയിൽ നിക്ഷേപം തുടരാനും 10% പണലഭ്യത നിലനിർത്തിക്കൊണ്ട് ഡിപ്‌സ് ഉപയോഗിക്കാനും ആക്സിസ് സെക്യൂരിറ്റീസ് നിർദേശിക്കുന്നു. വരുമാന വളർച്ച കൃത്യമായി നിരീക്ഷിക്കാവുന്ന മികച്ച കമ്പനികളിൽ പൊസിഷൻ നിലനിർത്തുന്നതാവും ഉചിതം. ഇന്ത്യ വിക്സ്ൻ്റെ (INDIA VIX) നിലവിലെ നില അതിൻ്റെ ദീർഘകാല ശരാശരിയേക്കാൾ താഴെയാണ്, അതായത് വിപണി നിലവിൽ ഒരു ന്യൂട്രൽ സോണിലാണ്. അമിതമായ വില്പനയുടെയോ വാങ്ങലിന്റെയോ സമ്മർദ്ദം വിപണിയിലില്ല എന്നർത്ഥം. ബ്രോക്കറേജ് നിർദേശിക്കുന്ന നിക്ഷേപ കാലം 12-18 മാസമാണ്.

നിഫ്റ്റിയുടെ ബുൾ കേസ് ടാർഗറ്റ്

ഇനി ഒരുപക്ഷെ നിഫ്റ്റിയിൽ നിയന്ത്രണം ഏറ്റെടുക്കുക ബുള്ളുകളാണെങ്കിലോ? എങ്കിൽ സ്വപ്നതുല്യമായ മുന്നേറ്റം നിക്ഷേപകർക്ക് വിപണിയിൽ കാണാം. നിലവിലെ ചാഞ്ചാട്ടങ്ങൾ കുറയുകയും യുഎസ് വിപണി 'സോഫ്റ്റ് ലാൻഡിംഗ്' കൈവരിക്കുകയും ചെയ്യുന്നതാണ് ബുൾ റാലിയുടെ അടിസ്ഥാന അനുമാനങ്ങൾ. നിലവിൽ പലിശ നിരക്ക് വർധനവിന്റെ ഏറ്റവും ഉയരത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. 'സോഫ്റ്റ് ലാൻഡിംഗ്' സാധ്യതകൾ വർധിക്കുന്ന കണക്കുകളാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാണാൻ സാധിക്കുന്നതും. ഈ രണ്ടു കാര്യങ്ങൾ കൂട്ടിവായിക്കുമ്പോൾ മെയ്-ജൂൺ മാസങ്ങളിലായി പലിശ നിരക്ക് കുറക്കുന്നതിലേക്ക് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസേർവ് നീങ്ങുമെന്നതാണ് ബുള്ളുകളുടെ ബെറ്റ്. അടുത്ത ഒന്ന് രണ്ടു പാദങ്ങളിൽ സുഗമമായി നീങ്ങാൻ വിപണിക്ക് സാധിച്ചാൽ ഇന്ത്യ അടക്കമുള്ള എമേർജിങ് മാർക്കറ്റുകളിലേക്ക് വിദേശ നിക്ഷേപം ഒഴുകും. ഇതെല്ലം തന്നെ 'ബുള്ളിഷ് ട്രിഗർസ്' ആയി നിക്ഷേപകർക്ക് വിലയിരുത്താം. ബുൾ കേസ് അനുമാനിക്കുകയാണെങ്കിൽ 2023 - 26 സാമ്പത്തിക വർഷങ്ങളിലായി നിഫ്റ്റി വരുമാനം 16% സിഎജിആർ (15% CAGR over FY23-26) വളർച്ച നൽകുമെന്നാണ് കരുതേണ്ടത്.

നിഫ്റ്റിയുടെ ബെയർ കേസ് ടാർഗറ്റ്

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ബെയറുകൾക്ക് നിഫ്റ്റിയിൽ ആധിപത്യം നല്കാൻ സാധ്യതയുള്ളത്. ഒന്ന്, കടന്നുവരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അസ്ഥിരതയുടെ സൂചനകൾ ഉടലെടുത്താൽ ബെയറുകൾക്ക് ഏറ്റവുമാദ്യം ഉണർവ് ലഭിക്കും. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പുകളും ബ്രോക്കറേജ് വിലയിരുത്തലും ഭരണകക്ഷിക്ക് പിന്തുടർച്ച ഉറപ്പ് നൽകുന്നുണ്ട്. രണ്ടാമത്തെ ഘടകം വിലക്കയറ്റ ഭീഷണികളാണ്. വികസിത രാജ്യങ്ങളിൽ പണപ്പെരുപ്പം തുടരും എന്ന അനുമാനം ആക്സിസ് സെക്യൂരിറ്റീസ് മുന്നോട്ട് വെക്കുന്നു. സുപ്രധാനമായ മൂന്നാമത്തെ ഘടകം പലിശ നിരക്കുമായി ബന്ധപ്പെട്ടതാണ്. കാര്യങ്ങൾ വിപരീതമായി നീങ്ങുകയാണെങ്കിൽ പലിശ നിരക്ക് പ്രതീക്ഷിച്ച വേഗത്തിൽ കുറയില്ല. അത് വികസിത വിപണികളെ മാന്ദ്യത്തിലേക്കും വികസിത രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ആഭ്യന്തരവിപണിയെയും തളർത്തിയേക്കാം. അത് വിപണിയിലെ ഉയർച്ച, വരുമാന അനുമാനങ്ങൾ എന്നിവയെയും പ്രതികൂലമായി ബാധിക്കും. 2024 ഡിസംബറിലേക്ക് നിഫ്റ്റിക്ക് നൽകുന്ന ബെയർ കേസ് ടാർഗറ്റ് 18500 ആണ്.


ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല