image

23 March 2024 8:55 AM GMT

Equity

അഞ്ച് മാസത്തെ ഉയർന്ന നിലയിൽ ക്രൂഡ്, തകർച്ചയിൽ രൂപ |അറിയാം കറൻസി - കമ്മോഡിറ്റി ട്രെൻഡ്

MyFin Research Desk

അഞ്ച് മാസത്തെ ഉയർന്ന നിലയിൽ ക്രൂഡ്, തകർച്ചയിൽ രൂപ |അറിയാം കറൻസി -  കമ്മോഡിറ്റി ട്രെൻഡ്
X

Summary

  • തുടർച്ചയായ മൂന്നാം ദിവസവും ക്രൂഡ് വിൽപന സമ്മർദം നേരിട്ടു.
  • ക്രൂഡ് ആഴ്ചയിൽ മൂന്നര ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.
  • ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ചയിൽ.



വെള്ളിയാഴ്ചയിലെ വ്യാപാരത്തിൽ എണ്ണ വില താഴ്ന്ന് ആഴ്ചയിൽ നഷ്ടത്തിൽ അവസാനിച്ചു. ക്രൂഡ് വില അഞ്ച് മാസത്തെ ഉയർന്ന നിലയിൽ എത്തിയ ശേഷം വെള്ളിയാഴ്ചയടക്കം തുടർച്ചയായ മൂന്നാം ദിവസവും വിൽപന സമ്മർദം നേരിട്ടു. മറുവശത്തു യുഎസ് ക്രൂഡ് സ്റ്റോക്ക് ഇടിഞ്ഞതും യുഎസ് ഫെഡറൽ റിസർവ് ഈ വർഷത്തെ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഉറച്ചുനിന്നതും എണ്ണവിലയ്ക്കു പിന്തുണയായി.

മിഡിൽ ഈസ്റ്റിലെ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കാനും ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താനും ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പുരോഗതികൾ ഉണ്ടാകുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു. ഇത് ആഗോള തലത്തിലെ പോസിറ്റീവ് സൂചനകൾ നൽകുന്നതാണ്. രണ്ടാം പാദത്തിൽ പ്രതിദിനം 2.2 ദശലക്ഷം ബാരൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്+ അംഗങ്ങളുടെ തീരുമാനത്തിനും 2024 ലെ എണ്ണ ഡിമാൻഡ് വളർച്ചയെക്കുറിച്ചുള്ള ഇൻ്റർനാഷണൽ എനർജി ഏജൻസിയുടെ പ്രതീക്ഷയ്‌ക്കും മുകളിലാണിത്.

കൂടാതെ ശക്തമായ യുഎസ് സമ്പദ്‌വ്യവസ്ഥയും ചൈനയിലെ വീണ്ടെടുക്കൽ സാധ്യതയും കർശനമായ വിതരണത്തിൻ്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ചേക്കാം. ഡബ്ള്യുടിഐ (WTI) ക്രൂഡ് ആഴ്ചയിൽ മൂന്നര ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തിയ ശേഷം 80.62 ഡോളറിലും ബ്രെന്റ് ക്രൂഡ് ഫ്ലാറ്റായി 84.92 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡബ്ള്യുടിഐ (WTI) ക്രൂഡ് ഇടിവ് തുടരുകയാണെങ്കിൽ, ശ്രദ്ധിക്കേണ്ട അടുത്ത സപ്പോർട്ട് പോയിന്റ് $77.13 ആണ്. ഒപ്പം $80.00, $77.13, $70.00 ഡോളറും റെസിസ്റ്റൻസ് $85.00, $90.00 എന്നിങ്ങനെയുമാണ്. ബ്രെന്റ് ക്രൂഡിലേക്കു വരുമ്പോൾ, 84.54 ഡോളർ, തുടന്ന് 84.08 ഡോളർ പ്രധാന സപ്പോർട്ട് സോണും 85.54 ഡോളർ, 86.07 ഡോളർ എന്നിവ അടുത്ത റെസിസ്റ്റൻസായും പരിഗണിക്കാം.

ആഗോള സ്വർണ വിലയിലേക്ക് വന്നാൽ ഫെഡിന്റെ നിലപാടിന് ശേഷം സ്വർണം സർവകാല നേട്ടമായ 2222.91 ഡോളർ രേഖപ്പെടുത്തിയിരുന്നു. ശേഷം അര ശതമാനത്തിലധികം ഇടിഞ്ഞ് 2,164.70 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇടിവ് തുടർന്നാൽ $2,100 ആണ് പ്രധാന സപ്പോർട്ട്. അതിനു മുൻപായി 2,128-2,127 ഡോളർ തൊട്ടടുത്തുള്ള പിന്തുണകളാണ്. മറുവശത്ത്, 2,200 ഡോളർ റെസിസ്റ്റൻസായി പരിഗണിക്കാം.

യുഎസ് ഡോളറിൻ്റെ ഉയർച്ചയ്ക്കും യുഎസ് ട്രഷറി ബോണ്ട് വരുമാനം ഉയർന്നതിനും ഇടയിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച രേഖപ്പെടുത്തി. ആഴ്ചയിലെ അവസാന ദിനം രൂപയുടെ മൂല്യം 83.69 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഒടുവിൽ 83.51 ലാണ് വ്യാപാരം പൂർത്തിയായത്. പിവോട്ട് പോയിന്റ് സൂചന അനുസരിച്ച് ആദ്യ സപ്പോർട്ട് 83.68 ഡോളറും തുടർന്ന് 83.98 ഡോളറുമാണ്. അതേസമയം പ്രധാന റെസിസ്റ്റൻസ് ആയി പരിഗണിക്കേണ്ടത് 83.12 എന്ന നിലവാരവും തുടർന്ന് 82.86 എന്ന ലെവലുമാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല